ഫാറൂഖ് കോളേജ്: സാഹിത്യ പുരോഗതിയും സാംസ്കാരിക വിനിമയവും നിരന്തരമായ ഭാഷാ കൈമാറ്റത്തിലൂടെ മാത്രമേ സാധ്യമാവൂ എന്ന് ഖത്തർ സാഹിത്യ രംഗത്തെ പ്രശസ്തരായ ഹിസ്റ്റ അൽ അവദി , ജമാൽ ഫായിസ്, സമീറ ഉബൈദ് എന്നിവരുടെ ചെറുകഥകളുടെ മലയാള സാഹിത്യ വിവർത്തകനും ഫാറൂഖ് കോളേജ് അറബിക് ഡിപ്പാർട്ട്മെന്റ് റിസർച്ച് ഗൈഡുമായ ഡോ. യു.പി. മുഹമ്മദ് ആബിദ് അഭിപ്രായപ്പെട്ടു. റൗദത്തുൽ ഉലും അറബിക് കോളേജ് ലൈബ്രറിയും വായനക്കൂട്ടവും സംയുക്തമായി സംഘടിപ്പിച്ച എക്സ്റ്റൻഷൻ പ്രോഗ്രാമിൽ സാഹിത്യ വിവർത്തനം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് വിവർത്തന മേഖല ധ്രുതഗതിയിൽ വളർച്ചയും വികാസവും സംഭവിക്കുന്നതിനാൽ തൊഴിലന്വേഷകർക്ക് അനന്തമായ സാധ്യതകളാണ് കൈവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയുടെ ഉദ്ഘാടന കർമ്മം കോളേജ് പ്രിൻസിപ്പാൾ ഡോ.അബ്ദുറഹ്മാൻ ചെറുകര നിർവ്വഹിച്ചു. ലോക ഭാഷകളിൽ നിന്ന് മലയാളത്തിലേക്കും മലയാളത്തിൽ നിന്നും ലോക ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട കൃതികളെപ്പറ്റി പഠനം നടത്തുകയും അതുകൊണ്ടുണ്ടായ സാമൂഹ്യ സ്വാധീനം വിലയിരുത്തുകയും ചെയ്യാൻ വിദ്യാർത്ഥികൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ആർ. യു എ കോളേജ് ലൈബ്രറി അഡ്വൈസർ ഡോ. ഇസുദ്ധീൻ നദ്‌വി അദ്ധ്യക്ഷത വഹിച്ചു. ലൈബ്രേറിയൻ കെ. ശരീഫ്, സി.കെ ഉസ്മാൻ ഫാറൂഖി, പി.കെ ജംശീർ, വായനക്കൂട്ടം സെക്രട്ടറി മുഹമ്മദ് സ്വാലിഹ് പി.പി., ഹാഫിദ് നസീഹ് എന്നിവർ പ്രസംഗിച്ചു.