Tab


തൊഴിലന്വേഷകർക്ക് വഴിയൊരുക്കി ആർ.യു. എ കോളേജ്

ഫാറൂഖ് കോളേജ്: ഗ്രാമങ്ങളിലെ യുവജനങ്ങളുടെ നൈപുണ്യ വികസനത്തിനും പരിശീലനത്തിനും വേണ്ടി കോഴിക്കോട് മാത്ര കേന്ദ്രമായി പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്ര (ആർസെറ്റി) വും ആർ യു എ കോളേജ് കരിയർ ആന്റ് ഗൈഡൻസ് സെല്ലും ഇ ഡി പി ക്ലബ്ബും സൗജന്യ സ്വയം തൊഴിൽ പരിശീലനം നൽകുന്നതിന്റെ ഭാഗമായി സംയുക്തമായി സംഘടിപ്പിച്ച ഓറിയന്റേഷൻ പ്രോഗ്രാം ആർ. യു.എ കോളേജ് പ്രിൻസിപ്പാൾ ഡോ.അബ്ദുറഹ്മാൻ ആദ്യശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു. രാജ്യത്തെ ജനങ്ങളുടെ പ്രത്യേകിച്ചും യുവജനങ്ങളുടെ ക്രിയാശേഷിയും വിഭവശേഷിയും പരിപോഷിപ്പിച്ചെടുത്ത് സ്വയം പര്യാപ്തരാക്കി രാജ്യ പുരോഗതിക്ക് ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ആർ. യു.എ കോളേജ് സ്റ്റാഫ് സെക്രട്ടറി അയ്മൻ ശൗഖി അധ്യക്ഷത വഹിച്ച ചടങ്ങിൽ കനറാ ബാങ്ക് ആർസെറ്റി ഫാക്കൽറ്റി നിധീഷ് കുമാർ  18 വയസ്സിനും 45 നും ഇടയിലുള്ളവർക്കു വേണ്ടിയുള്ള
പേപ്പർ കവർ,എൻവലപ്പ്, ഫയൽ നിർമ്മാണം, ഫോട്ടോഗ്രാഫി, മൊബൈൽ റിപ്പയറിംഗ് , ചന്ദനത്തിരി നിർമ്മാണം, കൂൺകൃഷി, തയ്യൽ, ഡി ടി പി, മെഴുകുതിരി പപ്പടം, അച്ചാർ നിർമ്മാണം എന്നി കോഴ്സുകളെക്കുറിച്ചുള്ള വിശദീകരണം നൽകി ബോധവൽക്കരണ ക്ലാസെടുത്തു. 

ആർ യു.എ അസോസിയേഷൻ മെമ്പർ വി.എം ബഷീർ, ഐ ക്യു എ സി കോഡിനേറ്റർ ഡോ.എം. ഉമൈർ ഖാൻ , ആർ.ആർ സി കോഡിനേറ്റർ കെ.അബൂബക്കർ ,മീഡിയ കൺവീനർ പി സുലൈമാൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഫാറൂഖ് കോളേജ് പ്രദേശവാസികളും വിവിധ റസിഡൻസ് പ്രതിനിധികളടക്കം നൂറ് കണക്കിനാളുകൾ പങ്കെടുത്തു. പരിശീലനത്തിന്റെ ഭാഗമായുള്ള കോഴ്സുകളുടെ ആദ്യ ഘട്ടം മാർച്ച് 15 ന് മുമ്പ് പൂർത്തിയാക്കി രണ്ടാം ഘട്ടം ഏപ്രിൽ മാസത്തിൽ ആരംഭിക്കും.
കരിയർ ആന്റ് ഗൈഡൻസ് കോഡിനേറ്റർ പി.കെ ജംശീർ സ്വാഗതവും ഇ ഡി പി ക്ലബ് കോഡിനേറ്റർ സമീൽ നന്ദിയും പ്രകാശിപ്പിച്ചു.